Tuesday, September 21, 2010

ARCHIVES

JAVAHAR SMARAKA GRANDHASALA SILVER JUBILEE SMARANIKA 1965-1990
PUBLISHED MY POEM AND PICTURES

Friday, February 19, 2010

വിപ്ലവം

വിപ്ലവം


വരിക,
നമുക്കൊരു വിപ്ലവം തുടങ്ങാം
ഒരിത്തിരി കനലും
രണ്ടു വെടിയുണ്ടയും
ഒരു തുണ്ടു കവിതയും
പിന്നെ ഒരു ഈങ്കിലാബും..

ഇവിടെ,
കരഞ്ഞുണങ്ങിയ കണ്ണൂകളുണ്ട്
കനലിൽ ഊതിക്കാച്ചിയ മനസുണ്ട്
കാരിരുംബിന്റെ മുൾ മുനയേറ്റ ഹ`റുദയവും
സത്യം പെറ്റ ഗർഭ പാത്രവുമുണ്ട്.
മനുഷ്യ പുത്രൻ പിടഞ്ഞ കുരിശും
അദ`വൈദം പാടിയ ചുണ്ടുകളും
പിന്നെ എല്ലുന്തിയ കോലങ്ങളുമുണ്ടു`.
നൂറ്റൊന്നു മക്കളെ കുരുതികൊടുത്ത
കുരുക്ഷേത്ര ഭൂമിയും
ധർമത്തെ ശരശയ്യയിലാക്കിയ
അസ്ത്ര ശസ്ത്രങ്ങളും
പിന്നെ ചവറ്റുകൊട്ടയിലെ
മനുഷ്യ ഭ്രുണങ്ങളും.

ഇനി,
ഒരു വടിയും
രണ്ടുമുഴം തുണിയും
ഉടയാത്ത മൂക്കുക്കണ്ണടയും
മായാത്ത പുഞ്ചിരിയുമായി
നിങ്ങൾ വരിക
നമുക്കൊരു വിപ്ലവം തുടങ്ങാം

സ്മൃതി

സ്മൃതി


കുഞ്ഞുനാളിൽ
പൊറുക്കിക്കൂട്ടിയ
ഒരു പിടി കക്കയും
കളികോപ്പയൊഴിഞ്ഞ
കളിയൂഞ്ഞാലും
പൊട്ടിപൊളിയാത്ത
കായിക്കുടുക്കയും
കളിച്ചു പിണങ്ങിയ
മണ്ണാംചിരട്ടയും
ഒരുപിടി മണ്ണിന്റെ
ആധാരവും
കീറിപ്പഴഞ്ഞ
ഒരു തുണ്ട് പായും
ചവിട്ടേറ്റ് പഴകിയ
നാടൻ പട്ടിയും
ഇരുളും വെളിച്ചവും
തുളയിട്ട കൂരയും
എന്റെ ജീവിതങ്ങൾ . . . .


പൊട്ടിയ പഞ്ചാര മാലയും
കോർക്കാത്ത മുത്തുകളും
മുത്തുകളില്ലാത്ത
വെള്ളിക്കൊലുസും
ചാഞ്ഞ മാവിൻ കൊമ്പിലെ
കളിയൂഞ്ഞാലും
കുളിച്ചീറനണിഞ്ഞ മുടിക്കെട്ടിൽ
തുളസിക്കതിരിൻ നറുമണവും
സ്വപ്നങ്ങൾ കരഞ്ഞു കുതിർന്ന
പഞ്ഞിത്തലയിണയും
എന്റെ സ്വപ്നങ്ങൾ . . . .


ഒരു തവി കഞ്ഞിക്ക്
കടിപിടി കൂടിയ സവുഹൃദവും
തേച്ചുമിനുക്കാത്ത
ഓട്ടുവിളക്കും
ഒന്നാംതരത്തിലെ
പൊട്ടിയ സ്ലേറ്റും
മൂരപെൻസിലും
എന്റെ നൊമ്പരങ്ങൾ . . . .


അമ്മ വിളമ്പിയ
കുത്തരി ചോറും
മുത്തശ്ശിവച്ചൊരാറ്റു-
കൊഞ്ചിൻ കറിയും
അച്ഛൻ തന്നൊരു
മഞ്ഞക്കോടിയും
എന്റെ സ്മൃതിൾ . . . .