Thursday, January 14, 2010

യുദ്ധ ഭൂമി

യുദ്ധ ഭൂമി


ഒരു കവിത ജനിക്കുന്നു


ഒരു കവി തൂക്കിലേറുന്നു

മർത്യ മനസ്സുകളിൽ

മണിദീപമണയുന്നു

പാലിനു വേണ്ടി കരയുന്ന

കുഞ്ഞിന്‍റെ ചുണ്ടത്ത്

ജാതിയും മതവും ഉരച്ചു തേക്കുന്നു



ക്രൌഞ്ച മിഥുനങ്ങളെ കൊന്നു

വേടനാദ്യ കാവ്യമെഴുതുന്നു

പെണ്ണിനുവേണ്ടി വാനരന്മാർ

ചിറകെട്ടിയൊരുക്കുന്നു

ആയിരങ്ങളെ കൊന്നു

യുദ്ധ കാഹളം മുഴക്കുന്നു



ഒരു തുണ്ടു ഭൂമിയിൽ

ഒരു കുടിലു കെട്ടുവാൻ

കുരുക്ഷേത്രമൊരുക്കുന്നു

ഒരു തുണ്ടു പൊന്നിനു്

പെണ്ണിനെ കൊല്ലുന്നു….



ദിവ്യായുധങ്ങൾ നേടുവാൻ കിരാതർ

കാലാന്തരങ്ങളായി തപസ്സുചെയ്യുന്നു

തലയരിഞ്ഞു ഹോമിക്കുന്നു

ഹോമകുണ്ഡത്തിലമ്മയുടെ

നെഞ്ചുപിളർന്നു ചൊരയൊഴുക്കുന്നു

കൊലമന്ത്രമുരുവിട്ടുരുവിട്ടു്

ചെകുത്താനു ജന്മമേകുന്നു

വീണ്ടുമൊരിതിഹാസം കുറിക്കുന്നു….



ദംഷ്ട്രങ്ങൾ കൂർപ്പിച്ച

മുടി നീട്ടി വളർത്തിയ

മുഖത്ത് ഭീകരത തുളുമ്പുന്ന

രക്തമിറ്റിറ്റ് വീഴുന്ന നാക്കുളള

അഗ്നി ശരങ്ങളെയ്യുന്ന കണ്ണുളള

അണുബോംബ് മടിയിൽ തിരുകിയ

ചെകുത്താന്‍റെ ശില്പ്പം

കൊത്തി മിനുക്കുന്നു ശാസ്ത്രം !



അമ്മയുടെ ഗർഭത്തിൽ

അണുബോംബ് വളരുന്നു

വെളളരിപ്രവിന്‍റെ

ചിറകെയ്തു വീഴ്തി

വേടൻ ചിരിക്കുന്നു

മർത്യന്‍റെതലയോട്ടികൊണ്ട്

കൊട്ടാരങ്ങൾ പണിയുന്നു

മർത്യന്‍റെ ചിത കെട്ടടങ്ങാതെ

ആളിയാളിക്കത്തുന്നു

എന്നിട്ടും ഭൂമി കറങ്ങുന്നു……….

സൂര്യനുദിക്കുന്നു. . . . . .

കടലിരമ്പുന്നു. . . . . . .

No comments:

Post a Comment