ഉയർത്തെഴുന്നേല്പ്
ഹേ ത്യാഗിവര്യാ, മനുഷ്യപുത്രാ
നീ ഇനിയും ഉയർത്തെഴുന്നേല്ക്കരുത്
നിൻ ശവക്കല്ലറയ്ക്ക് ചുറ്റും
പീരങ്കികളുമായി നിൻ ശിഷ്യർ കാത്തിരിക്കുന്നു;
യുഗങ്ങളായി ശാസ്ത്രം പെറ്റ
അണുവായുധങ്ങൾ
നിനക്കായി ഒരുക്കുന്നു.
വെള്ളരിപ്രാവുകളുടെ പച്ചമാംസം
നിനക്കായ് വിളമ്പുന്നു
മറിയത്തിന്റെ നെഞ്ച് പങ്കുവയ്ക്കാൻ
നിന്റെ വരവും കാത്തിരിക്കുന്നു
നിന്നെ ഒറ്റിക്കൊടുക്കാൻ
മുപ്പത് രാജ്യങ്ങൾ എണ്ണിക്കഴിഞ്ഞു
നിന്റെ വിചാരണയ്ക്കായി
അന്യ ഗ്രഹങ്ങളിലും
ബലിക്കല്ലുകൾ ഒരുക്കുന്നു;
നീ ഇനിയും ഉയർത്തെഴുന്നേല്ക്കരുത്
നിനക്ക് മുൻപേ നിൻ ശിഷ്യർ
ഉയർത്തെഴുന്നേറ്റിരിക്കുന്നു
അപ്പം വർഷിച്ച നിന്റെ കൈകൾ
ഇന്നു തൊക്കുകൾ വർഷിക്കുന്നു
വെള്ളം വീഞാക്കിയ നിൻ മനുഷ്യ ശക്തി
വെള്ളം ചോരയാക്കുന്നു
നിൻ കുരിശിനിരുവശത്തൂമായി
ഗാന്ധിജിയും ലിങ്കനും
മരക്കുരിശിൽ പിടയുന്നു
നിന്റെ അവതാനങ`ങൾ വാഴ്ത്തുന്ന
ശിരസുകൾ തറയിൽ വീണുരുളുന്നു
വേണ്ട, ഇനിയെങ്കിലും നീ
ഉയർത്തെഴുന്നേല്ക്കരുത്
നിൻ ചുണ്ടിൽ വിരിയുമീ പുഞ്ചിരിയും
കണ്ണിൽ തെളിയുമീ കാരുണ്ണിയവും
ഇനിയും ജീവിക്കട്ടെ
No comments:
Post a Comment